ആർപ്പൂക്കര കോലേട്ടമ്പലത്തിന് ഒരു ശാഖ ഗോവയിൽ .
ഇത് ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞ കഥയാണ്. കഥ പറഞ്ഞത് 15 വർഷങ്ങൾക്ക് മുമ്പ്. കഥ പറഞ്ഞയാൾ ഇന്ന് ജീവിച്ചിരിപ്പില്ലാത്തതിനാലും മറ്റൊരാളോട് ഈ കഥ പറയാൻ അനുവാദം ചോദിച്ചിട്ടില്ലാത്തതിനാലും കഥ പറഞ്ഞയാളും കഥയിലെ നായകനുമായ ആ വ്യക്തിയുടെ യഥാർത്ഥ പേര് ഉപയോഗിക്കുന്നില്ല. കഥാ നായകന്റെ പേര് ദീപക്ക് എന്ന് ചിന്തിക്കാം കഥ പറയാനുള്ള എളുപ്പത്തിനായി മാത്രം.
ദീപക്കിന്റെ 30 കളിൽ നടന്ന കഥയാണ്. നാട്ടിൽ പല ബിസിനസുകൾ ചെയ്തിട്ടും രക്ഷയില്ല. അത്യാവശ്യം കുറച്ച് ഇംഗ്ലീഷ് / ഹിന്ദി ഭാഷാ കൈമുതലായി ദീപക്കിന്റെ ലക്ഷ്യമില്ലാത്ത യാത്രയുടെ തുടക്കം കോട്ടയം സ്റ്റേഷനിൽ നിന്ന് , ഒടുക്കം ഗോവ. ഗോവയിൽ ചെന്ന് അല്ലറ ചില്ലറ ജോലികൾ ചെയ്ത നാളുകളിൽ ദീപക്ക് മനസിലാക്കി ജീവിതം ബുദ്ധിമുട്ടിലാണ്. ഇങ്ങനെ പോയിട്ട് കാര്യമില്ല. ദീപക്കിന്റെ നിരീക്ഷണം ഒരു കാര്യം മനസിലാക്കി കൊടുത്തു , ഗോവയിലെ ആളുകൾ വിശ്വാസികളാണ്. കല്ലിലും മണ്ണിലും, തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ആ വിശ്വാസം അവരെ രക്ഷിക്കുന്നു.
ഗോവയിൽ പിടിച്ച് നിൽക്കാൻ ആകാതെ തൊഴിൽ ഇല്ലായ്മ രൂക്ഷമായപ്പോൾ ; പട്ടിണി ദിനങ്ങൾ വർദ്ധിച്ചപ്പോൾ നാട്ടിലേയ്ക്ക് കള്ള വണ്ടി കയറി. നാട്ടിൽ വന്ന് കറങ്ങി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്തെങ്കിലും രക്ഷ വേണമെങ്കിൽ വിശ്വാസം ഉണ്ടാകണം എന്ന ചിന്ത കലശലായത്.
ആർപ്പൂക്കര പഞ്ചായത്തിലെ പേരു കേട്ട ഈഴവ ക്ഷേത്രമാണ് കോലേട്ട് അമ്പലം . ശ്രീ :മുരുകൻ പ്രതിഷ്ഠ. അമ്പലത്തിന്റെ നടത്തിപ്പ് ശ്രീമാൻ സാധു സിദ്ധൻ സ്വാമികൾ . ജന്മം കൊണ്ട് ക്രിസ്ത്യാനിയാണ് എങ്കിലും സാധു സിദ്ധൻ സ്വാമികളെ പോയി കണ്ടാൽ എന്തെങ്കിലും മാറ്റം ജീവിതത്തിൽ ഉണ്ടാകും എന്ന വിശ്വാസം നമ്മുടെ കഥാനായകൻ ദീപക്കിന് ഉണ്ടായി. സാധു സിദ്ധൻ സ്വാമികളെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സ്വാമികൾ അരുളി ചെയ്തു.\” വിശ്വാസം തുണയാകട്ടെ ; നിനക്ക് തരാൻ എന്റെ കയ്യിൽ യാതൊന്നുമില്ല പക്ഷെ ഒന്നുണ്ട്. \” സ്വാമികൾ മറ്റൊന്നും ഉ രിയാടാതെ ഒരു പാറക്കല്ല് ദീപക്കിന് കൊടുത്തു. അത്തരം കല്ലുകളുടെ പറുദീസ ആയിരുന്നു കോലേട്ടമ്പലം ഒരു കാലത്ത്. കിട്ടിയതാകട്ടെ എന്ന ചിന്തയിൽ ആ കല്ലുമായി ദീപക്ക് വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
ദിവസങ്ങൾ അധികം കഴിയും മുൻപ് ഗോവയിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് കത്തു വന്നു. \”ഉടൻ ജോലിയിൽ പ്രവേശിക്കുക \” ഇതായിരുന്നു കത്തിലെ ഉള്ളടക്കം. ഗോവയിലേയ്ക്കുള്ള യാത്രയിൽ സ്വാമി നൽകിയ കല്ലും ഒപ്പം കൂട്ടി. ഗോവയിൽ എത്തി എങ്കിലും കത്ത് കിട്ടാനും , ഗോവയിൽ എത്തിപ്പെടാനും വൈകി പോയിരുന്നു. ജോലിയിൽ മറ്റൊരാൾ കയറിപ്പറ്റി; അങ്ങിനെ ആ പ്രതീക്ഷയും നശിച്ചു. മടങ്ങി പോരാൻ വണ്ടി കൂലിപോലുമില്ല. ബാഗിലെ കല്ലിന്റെ ഭാരം കാരണം നടക്കാൻ പോലും വയ്യ. കണ്ണിൽ കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ കല്ലും വച്ച് ഗോവയിലെ ഒരു പരിചയക്കാരന്റെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. രണ്ട് ദിവസം അവിടെ തങ്ങി തിരികെ യാത്രയ്ക്കുള്ള പണവും സംഘടിപ്പിച്ച് മടങ്ങുമ്പോൾ ദീപക്ക് ആ കാഴ്ച്ച കണ്ടു.
മര ചുവട്ടിൽ താൻ വച്ച കല്ലിന്റെ മുന്നിൽ ഒരു തിരി തെളിഞ്ഞിരിക്കുന്നു. താൻ വച്ച കല്ലിന്റെ ആകൃതി ശ്രദ്ധിച്ചത് അപ്പോഴാണ്. പറയത്തക്ക ശിവലിംഗ ആകൃതി ഇല്ല എങ്കിലും വിശ്വാസികൾക്ക് അത് മതി. അത് വഴി യാത്ര ചെയ്യുന്നവർ കല്ലിനെ വണങ്ങുന്നതും നാണയത്തൊട്ടുകൾ എറിയുന്നതും കണ്ട ദീപക്ക് അടുത്ത ദിവസം മറച്ചുവട്ടിൽ എത്തിയത് വാ മൂടിയ ഒരു കുടവുമായി . അങ്ങിനെ കാണിക്കവഞ്ചി തയ്യാർ. മരച്ചുവട്ടിലെ കല്ലിന്റെ ചുവട്ടിൽ പട്ട് തുണിയും പൊതിഞ്ഞ് നിലവിളക്ക് കത്തിച്ച് ദീപക്ക് ആ ക്ഷേത്രത്തിലെ പൂജാരിയായി.
അങ്ങിനെ 5 വർഷക്കാലും ഗോവയിലെ ജോലിയും മരത്തണലിലെ പൂജാരിയുമായി കഴിഞ്ഞ് കൂടിയ നാളുകൾ. അപ്രകാരം ഉണ്ടാക്കി എടുത്ത ബന്ധങ്ങൾ മൂലം ദീപക്ക് വളർന്നു. നാട്ടിലും ഗോവയിലും ബിസിനസ്സ് സ്ഥാപനങ്ങൾ. സമൂഹത്തിൽ അറിയപ്പെടുന്ന സ്ഥാനം. മരത്തണലിൽ ദീപക്ക് പൂജ ചെയ്ത ആ സ്ഥലം ഗോവയാൽ ഇന്ന് പ്രസിദ്ധമായ ക്ഷേത്രം ആയിരിക്കുന്നു. നാം ദീപക്ക് എന്ന് പേരിട്ട് വിളിച്ച കഥാ നായകനായ സുഹൃത്തിന്റെ അച്ഛൻ ; ആ അപ്പച്ചൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ ഇതിനൊക്കെ സാക്ഷ്യം പറയുമായിരുന്നു. 15 വർഷം മുൻപ് ഒരു കാർ യാത്രയിൽ പറഞ്ഞ കഥ ഇപ്പോൾ ഓർത്തെടുത്തു വിവരിച്ചു എന്നു മാത്രം,
ശ്രീമാൻ സാധു സിദ്ധൻ സാമികൾ അച്ചായന് സമ്മാനിച്ചത് വെറുമൊരു കല്ല് അല്ല. അച്ചായൻ 5 വർഷം പൂജ ചെയ്തത് വെറുമൊരു കല്ല് അല്ല. പക്ഷെ അച്ചായൻ മരിക്കും വരെ വിശ്വസിച്ചിരുന്നു. തന്റെ ജീവിതം മാറ്റി മാറ്റിയത് ആ കല്ലാണ് എന്ന്. എന്തായാലും കോലേട്ടമ്പലം ക്ഷേത്ര കമ്മറ്റിക്കാർ അറിയുക കോലേട്ടമ്പലത്തിന് ഒരു ഉപ ക്ഷേത്രം അല്ലെങ്കിൽ മഹാക്ഷേത്രം ഗോവയൽ ഉണ്ട്. അവിടുത്തെ പ്രതിഷ്ഠ പരമശിവനും.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596