ഗുളികനെ അറിയാം. ചില്ലറക്കാരനല്ല.
ശനിയുടെ ഉപഗ്രഹം എന്ന പദവിയുള്ള ഗുളികൻ വലത് കണ്ണിനാൽ ഗുളികൻ നിൽക്കുന്ന രാശിയുടെ 2ാം ഭാവത്തെയും ഇടത് കണ്ണിനാൽ 12ാം ഭാവത്തെയും മധ്യദൃഷ്ടിയിൽ 7ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങൾ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഇതിന് ഗുളിക ഭവനാധിപത്യ ദോഷം എന്ന് പറയും. ഉദാഹരണം മിഥുനം, കന്നി രാശികളിൽ ഗുളികൻ നിന്നാൽ ഗുളിക ഭവനാധിപൻ ബുധൻ.
പക്ഷെ ഗുരുവിനോടൊപ്പം ഗുളികൻ നിന്നാൽ ഗുളികന്റെ ശക്തി ക്ഷയിക്കും. ധനു, മീനം എന്നീ വ്യാഴത്തിന്റെ രാശികളിൽ ഗുളികൻ നിന്നാലും ദോഷം കുറയും. പക്ഷേ ഗുരുവിന് ഗുളിക ഭവനാധിപത്യം വരും. ശനിയോടൊപ്പം നിന്നാൽ ഗുളികന്റെ ശക്തി വർധിക്കും.
ഗുളികൻ [ മാന്ദി ] ഓരോ ഭാവത്തിലും നിന്നാൽ ഫലം
. ലഗ്നത്തിൽ ഗുളികൻ നിന്നാൽ, രോഗം, ബുദ്ധിമാന്ദ്യം, വഞ്ചനാസ്വഭാവം, കാമശീലം, ദുരാചാരശീലം, (ലഗ്നത്തിൽ ഗുളികൻ തനിച്ചു നിന്നാൽ രാജയോഗം എന്നും അഭിപ്രായം ഉള്ളവർ ഉണ്ട്)
∙ രണ്ടാം ഭാവം-സംസാരത്തിൽ വൈകല്യം വരാം. പറയുന്നതു ഫലിക്കും. യാത്രാസ്വഭാവം, വിടുവായത്തം, വിഷയസുഖങ്ങളിൽ അമിത താൽപര്യം, ഗുളികനോടൊപ്പം ശനി, ചൊവ്വ, രാഹു, കേതു എന്നീ പാപഗ്രഹങ്ങൾ 2ാം ഭാവത്തിൽ യോഗം ചെയ്താൽ ധാരാളിത്തം, അമിത ധനവ്യയം, വിദ്യാഹീനത്വം, വിദ്യാഭ്യാസം പൂർത്തീകരിക്കാതിരിക്കൽ, എന്നിവ ഫലം.
∙ മൂന്നാം ഭാവം– ധനത്തിൽ അമിത ആസക്തി, വിരഹദുഃഖം, അഹങ്കാരം, കോപിഷ്ഠൻ, ഒന്നിലും കൂസലില്ലാത്തവൻ, സഹോദര നാശമോ, സഹോദര ശത്രുതയോ അനുഭവിക്കുന്നവൻ.
∙ നാലാം ഭാവം– മാതാവിനെ ദ്രോഹിക്കുക, വിദ്യാഹീനത്വം, ധനനാശം, ബന്ധുഗുണക്കുറവ്, ബന്ധുശല്യം, കുടുംബ ക്കുറവ്, അമിത സംസാരം, വാഹന ങ്ങൾ കൊണ്ട് ദുരിതാനുഭവങ്ങൾ, എന്നിവ ഫലം
∙ അഞ്ചാം ഭാവം– ലഹരികളിൽ അനിയന്ത്രിത ആസക്തി, വർധിച്ച ജീവിതദുരിതങ്ങൾ, നിലയ്ക്കും വിലയ്ക്കും ചേരാത്ത സ്വഭാവം, അൽപായുസ്, സന്താനദുരിതം, തീവ്ര സ്വഭാവം.
∙ആറാം ഭാവം– ശത്രുനാശത്തിന് വേണ്ടി പരക്കം പാച്ചിൽ, ഭൂതപ്രേത പിശാചുക്കളിൽ താൽപര്യം, ദുർമ്മന്ത്രവാദം, അതിശൗര്യം, അതിനീചസ്വഭാവം, സ്വന്തം പ്രവൃത്തി കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കൽ, ബഡായി പറച്ചിൽ.
∙ഏഴാം ഭാവം-കലഹ സ്വഭാവം, ദാമ്പത്യക്ലേശം, എല്ലാറ്റിലും വിരോധവും അതൃപ്തിയും കണ്ടെത്തൽ, നന്ദിയില്ലായ്മ, തൊഴിൽ നാശം, പരസ്ത്രീ-പരപുരുഷ പ്രണയം മൂലം വിനാശകരമായ അനുഭവങ്ങൾ.
∙ എട്ടാം ഭാവം-നേത്രരോഗമോ വൈകല്യമോ, പൊതുവിൽ ഉയരം കുറഞ്ഞ ശരീരം, ഏതെങ്കിലും തരത്തിലുള്ള വികലാംഗത്വം, അപകട സാധ്യത
∙ഒൻപതാം ഭാവം– പിതൃദ്രോഹം, ഗുരുക്കന്മാരെ അപഹസിക്കൽ, എളുപ്പത്തിൽ ലഭിക്കാവുന്ന അവസരങ്ങൾ പോലും നിഷേധിക്കപ്പെടുക, നീചകർമ്മങ്ങളിൽ താല്പര്യം, രാജ്യത്തിനോ സമൂഹത്തിനോ ദ്രോഹംചെയ്യൽ, നിയമ നിഷേധ പ്രവർത്തനങ്ങൾ, പാരമ്പര്യ നിന്ദ, മറ്റുള്ളവരെ അകാരണമായി അപഹസിക്കുന്ന സ്വഭാവം.
∙ പത്താം ഭാവം-അശുഭകരമായ കർമ്മങ്ങൾ ചെയ്യുക, സ്വഭാവനാശം, പാരമ്പര്യ നിഷേധം, നാസ്തിക സ്വഭാവം, വിചിത്രമായ വേഷഭൂഷാദികളും പെരുമാറ്റവും തൊഴിലിൽ ഉറച്ചു നിൽക്കാതിരിക്കൽ, അലസത. സർക്കാർ ജോലി സാധ്യതയും പറയാം.
∙ പതിനൊന്നാം ഭാവം– ധനവാൻ, സുഖിമാൻ, പൊതു- രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം, സൗന്ദര്യവും രൂപഭംഗിയും. ഭാവഭേദം വരാതെ സംസാരിക്കാനും പെരുമാറാനും കഴിവ്, ജ്യേഷ്ഠസഹോദരന് അപ്രിയം ചെയ്യുന്ന പ്രകൃതം, അവിചാരിതമായ അധികാര ലബ്ധി , വാഗ്ദാനം നൽകി ആളുകളെ മയാക്കാനുള്ള കഴിവ്.
∙ പന്ത്രണ്ടാം ഭാവം– പണം ഉണ്ടെങ്കിലും അതിനു തക്കതായ രീതിയിൽ ജീവിക്കാതിരിക്കുക, മലിന വേഷം, ദൈന്യസംസാരം, ദാമ്പത്യത്തിൽ താൽപര്യം ഇല്ലായ്മ, ജീവിത വിരക്തി, പഴയ കാര്യങ്ങളും ഇല്ലായ്മയും മറ്റും പറഞ്ഞു വിലപിക്കുക.
ഗുളിക ദോഷ പരിഹാരം
ഗുളിക ദോഷത്തിൽ നിന്നു മുക്തി നേടാനായി ഓം ഗുളികായ നമഃ എന്ന് 16 തവണ ജപിക്കുന്നത് നല്ലതാണ്. സമയം അനുവദിക്കുമെങ്കിൽ 108 സംഖ്യ ജപിക്കുക. ഗുളികൻ നിൽക്കുന്ന നക്ഷത്രത്തിന്റെ അധിദേവതയ്ക്കും കുടുംബ പര ദേവതയ്ക്കുംഭക്തിയോടെ പക്കപ്പിറന്നാൾ തോറും ഇഷ്ട വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുക. ഗുളികൻ അഞ്ച്, ഏഴ്, എട്ട് എന്നിവിടങ്ങളിൽ നിൽക്കുന്നവർ പക്ക പിറന്നാൾ തോറും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും വയസ്സ് തികഞ്ഞു വരുന്ന പിറന്നാളിന് മൃത്യുഞ്ജയ ഹോമവും നടത്തുക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596