നിപുണയോഗം – രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആവശ്യം വേണ്ട യോഗമാണിത്.
ബുധന് ബലമുള്ള രാശികളായ മിഥുനം, കന്നി എന്നീ രാശികളിൽ നിൽക്കുന്ന ബുധനോടൊപ്പം ആദിത്യൻ ചേർന്ന് വരികയാണെങ്കിൽ നിപുണയോഗം ശരിയായ രീതിയിൽ അനുഭവവേദ്യമാകുന്നു. ബാക്കിയുള്ള രാശികളിൽ ആദിത്യബുധന്മാർ ചേർന്ന് നിന്നാൽ ഈ യോഗം പറയപ്പെടാമെങ്കിലും ഭാഗീകമായേ യോഗാനുഭവങ്ങൾ ലഭ്യമാകുകയുള്ളൂ.
ഏതൊരു കാര്യവും ഏറ്റെടുത്തു അത് വിജയത്തിലെത്തിക്കാൻ കഴിവുള്ളവരായിരിക്കും നിപുണയോഗമുള്ളവർ. ആശയവിനിമയം നടത്തുന്നതിനുള്ള അസാമാന്യമായ പാടവമുള്ളവരായിരിക്കും ഈ യോഗമുള്ളവർ. എത്ര ഗഹനമായ വിഷയമാണെങ്കിലും അത് മറ്റുള്ളവർക്ക് സംശയനിവർത്തി വരുംവിധത്തിൽ അവതരിപ്പിക്കുന്നതിൽ മിടുക്കുള്ളവരായിരിക്കും. ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനുമുള്ള കഴിവാണ് മറ്റൊരു പ്രത്യേകത.
ഈ യോഗംകൊണ്ടു ലഭിക്കുന്ന മറ്റൊരു പ്രധാന ഗുണമാണ് നേതൃപാടവം. ഒരു സംഘത്തെ നയിക്കുക പ്രത്യേകിച്ച് നിയമം നീതീന്യായം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ യോഗം വളരെയേറെ നേട്ടങ്ങൾ പ്രധാനം ചെയ്യുന്നതാണ്. മറ്റൊരു സുപ്രധാന ഗുണം മാനേജ്മെൻറ് സ്കിൽ അഥവാ ഭരണ നൈപുണ്യമാണ്. ഒരു പ്രസ്ഥാനത്തെ നയിക്കാനുള്ള പ്രാഗത്ഭ്യമാണ് ഇതിലൂടെ ലഭിക്കുന്നത്. രാഷ്ട്രീയ രംഗത്തുള്ളവർക്ക് ആവശ്യം വേണ്ട യോഗമാണിത്.
ബുധന് മൗഢ്യം സംഭവിക്കുന്ന ഗ്രഹനിലക്കാർക്ക് ഈ യോഗം ശരിയായ രീതിയിൽ സംഭവ്യമാകാതെ പോകുന്നു. എന്നാൽ രത്നധാരണം കൊണ്ട് ബുധന്റെ സ്വാധീനം വർദ്ധിപ്പിച്ച് ഈ യോഗത്തിന്റെ ഗുണഫലങ്ങൾ കുറെയൊക്കെ നേടി എടുക്കാം.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596