പന്ത്രണ്ട് രാശികളും ദോഷപരിഹാരങ്ങളും.
മീനം, മേടം, ഇടവം, മിഥുനം, കർക്കടകം ചിങ്ങം, കന്നി, തുലാം, വൃശ്ചികം ധനു, മകരം, കുംഭം ഈ പന്ത്രണ്ട് രാശികൾ തന്നെയാണ് നമ്മുടെ പന്ത്രണ്ട് മാസങ്ങൾ.
ദോഷങ്ങൾ പരിഹരിക്കാൻ
രാശി ഏതാണെന്നു മനസ്സിലാക്കി അതാതു രാശികളുടെ അധിപന്മാരായ ദേവന്മാർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ആ ദേവന്മാരെ സേവിക്കുകയും പൂജിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ഗ്രഹപ്പിഴ ദോഷങ്ങൾ പരിഹരിക്കുവാൻ
മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക)
മേടം രാശിയിൽ ജനിച്ചവർ ശ്രീ മുരുകദേവനെ ഭജിക്കുന്നതും ആരാധിക്കുന്നതും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതും ഗ്രഹദോഷ ശാന്തിക്ക് ഉത്തമമാണ്. എല്ലാ ചെവ്വാഴ്ച ദിവസങ്ങളിലും ക്ഷേത്ര ദർശനം നടത്തുന്നതും അന്നേ ദിവസം ഒരിക്കൽ നോല്ക്കുന്നതും പുഷ്പജ്ഞലി നടത്തിക്കുന്നതും ദേവപ്രീതിക്ക് പായസം, ത്രിമധുരം എന്നിവ വഴിപാടുകളായി നടത്തിക്കുന്നതും ഏറെ ശ്രേയസ്കരമാണ്.
ഇടവം രാശി
(കാർത്തിക നാല്പത്തിയഞ്ച് നാഴിക, രോഹിണി ,മകയിരം മുപ്പത് രാശി)
ഇടവം രാശിക്കാർ ശ്രീ മഹാലക്ഷ്മിയെ സേവിക്കുന്നതും, ആരാധിക്കുന്നതും ഗ്രഹപ്പിഴകൾ തീരുന്നതിനും ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകുന്നതിനും വളരെ ഫലപ്രദമാണ്. വെള്ളിയാഴ്ച ദിവസം വ്രതം എടുത്ത് ഒരിക്കൽ നോറ്റ് യഥാശക്തി വഴിപാടുകൾ നടത്തിയാൽ കുടുംബത്തിൽ സകലവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.
മിഥുനം രാശി
(മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക)
ഈ രാശിയിൽ ജനിച്ചവർ ശ്രീ മഹാവിഷ്ണുവിനെ ഉപാസിക്കേണ്ടതാണ്. പക്കപ്പിറന്നാൾ തോറും പുഷ്പാഞ്ജലിയും പാല്പായസവും നടത്തിയാൽ സകലവിധ ഗ്രഹപ്പിഴകളും വിട്ടകന്ന് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്.
കർക്കടകം രാശി
(പുണർതം പതിനഞ്ച് നാഴിക, പൂയം, ആയില്യം )
കർക്കടകം രാശിയിൽ ജനിച്ച ജാതകർ ഭഗവതിയെ സേവിക്കേണ്ടതാണ്. പൗർണ്ണമി നാളിൽ വ്രതം അനുഷ്ഠിച്ച് സഹസ്രനാമാർച്ചന നടത്തിയാൽ ഗ്രഹപ്പിഴകളെല്ലാം വിട്ടകന്ന് ഐശ്വര്യവും സമാധാനവും സകല സർവ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നതാണ്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക)
ചിങ്ങം രാശിയിൽ ജനിച്ച ജാതകർ ആദിത്യ ഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും സൂര്യ ദേവന് വിശേഷാൽ പൂജകൾ നടത്തിക്കുകയും സഹസ്രനാമാർച്ചന നടത്തിക്കുകയും ചെയ്താൽ ഗ്രഹപ്പിഴകളുണ്ടാവുകയില്ല.
കന്നി രാശി
(ഉത്രം നാല്പത്തിയഞ്ച് നാഴിക, അത്തം, ചിത്തിര മുപ്പത് നാഴിക)
കന്നി രാശിയിൽ ജനിച്ച ജാതകർ ശ്രീ മഹാവിഷ്ണുവിനെ ഉപാസിക്കുന്നത് ഉത്തമമായിരിക്കും. എല്ലാ ബുധനാഴ്ചകളിലും വ്രതം എടുത്ത് ക്ഷേത്ര ദർശനം നടത്തി ജാതകൻ്റെ നാളും പേരും പറഞ്ഞ് പുഷ്പാഞ്ജലി നടത്തിയാൽ ഗ്രഹപ്പിഴകളുണ്ടാവുകയില്ല. മാസത്തിലൊരിക്കൽ ഭഗവാന് പാലഭിഷേകം നടത്തിക്കുന്നതും പായസ നിവേദ്യം നടത്തിക്കുന്നതും ഇഷ്ട കാര്യസിദ്ധിക്ക് അഭികാമ്യമാണ്.
തുലാം രാശി
(ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക) തുലാം രാശിയിൽ ജനിച്ചവർ ശ്രീ സത്യ നാരായണ മൂർത്തിയെ ഉപാസിക്കേണ്ടതാണ്. മാസത്തെ അവസാനത്തെ വെള്ളിയാഴ്ച ദിവസം ഗൃഹത്തിൽ സത്യ നാരായണ പൂജ നടത്തിക്കുന്നത് ഗ്രഹപ്പിഴകൾ തീരുന്നതിനും ഉദ്ദിഷ്ട കാര്യ പ്രാപ്തിക്കും വളരെ ഫലപ്രദമാണ്.
വൃശ്ചികം രാശി
(വിശാഖം പതിനഞ്ച് നാഴിക, അനിഴം, തൃക്കേട്ട )
വൃശ്ചികം രാശിയിൽ ജനിച്ച ജാതകർ നിത്യേന ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കേണ്ടതാണ്. ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും രക്ത പുഷ്പാജ്ഞലി നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്. കൂടാതെ ക്ഷേത്രത്തിൽ യഥാശക്തി മറ്റ് വഴിപാടുകൾ നടത്തുകയും ചെയ്താൽ സമയ ദോഷത്താലുണ്ടായേക്കാവുന്ന സകല ദുരിതങ്ങളും ഒഴിയുന്നതാണ്.
ധനുരാശി
(മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക) ധനുരാശിയിൽ ജനിച്ചവർ ശ്രീ ദക്ഷിണാ മൂർത്തിയെ ഉപാസിക്കേണ്ടതാണ്. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിച്ച് വ്രത ശുദ്ധിയോടെ ഒരു നേരം മാത്രം ആഹാരം കഴിച്ച് ദക്ഷിണാ മൂർത്തിയെ ഭജിക്കുകയാണെങ്കിൽ എല്ലാം ദോഷങ്ങളും മാറി ഐശ്വര്യം ഉണ്ടാകുന്നതാണ്.
മകരം രാശി
(ഉത്രാടം നാല്പത്തിയഞ്ച് നാഴിക, തിരുവോണം, അവിട്ടം മുപ്പത് നാഴിക )
മകരം രാശിയിൽ ജനിച്ച ജാതകർ മന ക്ലേശങ്ങളകലുന്നതിന് ശനീശ്വരനെ ഉപാസിക്കേണ്ടതാണ്. ഇവർ ശനിയാഴ്ച തോറും വ്രതമെടുക്കുകയും ശനീശ്വര പ്രീതിക്കായി യഥാശക്തി വഴിപാടുകൾ നടത്തിക്കുകയും ചെയ്താൽ ഗ്രഹ പിഴകളെല്ലാം അകലുന്നതാണ്.
കുംഭം രാശി
(അവിട്ടം മുപ്പത് നാഴിക, ചതയം, പൂരുരുട്ടാതി നാല്പത്തിയഞ്ച് നാഴിക)
കുംഭം രാശിയിൽ ജനിച്ചവർ ശ്രീ ഹനുമാൻ സ്വാമിയെ നിത്യം പ്രാർത്ഥിക്കേണ്ടതാണ്. ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാൻ സ്വാമിക്ക് അർച്ചന നടത്തുന്നത് ഉത്തമമാണ്. പക്ക പിറന്നാൾ തോറും നാരങ്ങ മാല ചാർത്തിക്കുന്നത് ഗ്രഹദോഷത്തിന് നല്ലതാണ്.
മീനം രാശി
(പൂരുരുട്ടാതി പതിനഞ്ച് നാഴിക ഉത്തൃട്ടാതി, രേവതി)
മീനം രാശിയിൽ ജനിച്ച ജാതകർ ശ്രീ മഹാദേവനെ പ്രാർത്ഥിക്കേണ്ടതാണ്. ശനിയാഴ്ച വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവാൻ കൂവളത്തില മാല സമർപ്പിക്കുന്നത് ഉത്തമമാണ്. ഭഗവാൻ ഇളനീർ അഭിഷേകം നടത്തുന്നതും ഗ്രഹദോഷം മാറുന്നതിന് അത്യുത്തമമാണ്.
✍പ്രസൂൺ സുഗതൻ രാവണൻ ,
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം . 9946419596