രത്നധാരണം വിവാഹ തടസം മാറാൻ.
ശുക്രന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയും മൗഢ്യവും നീചത്വവും വിവാഹതടസ്സം വരുത്തും. കടുത്ത വൈവാഹിക തടസ്സം നേരിടുന്നവർ അവരുടെ ജാതകം വ്യക്തമായി പരിശോധിച്ച് വ്യാഴം ചന്ദ്രാൽ 2–4–5–9–10–11 രാശികളിൽ വരുന്ന സമയത്ത് ജ്യോതിഷ രത്ന ശാസ്ത്രവിധി പ്രകാരം, ജാതക ഗ്രഹനിലയ്ക്ക് അനുകൂലമാകുന്ന വിധം ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം, മുത്ത്, ചന്ദ്രകാന്തം, വജ്രം, സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കുക.
ചുവന്ന പവിഴം
ജാതകപ്രകാരം അനുയോജ്യമെങ്കിൽ ചുവന്ന പവിഴം ധരിക്കുന്നത് വിവാഹം വേഗം നടക്കാൻ സഹായിക്കും. യോഗകാരകനോ ലഗ്നാധിപമിത്രമോ ആയി ജാതകത്തില്‍ ചൊവ്വ വരുന്നവർക്ക് ചുവന്ന പവിഴം ധരിക്കാം. ചൊവ്വാദോഷം മൂലം വിവാഹം തടസ്സപ്പെടുന്നവർ പവിഴം ധരിച്ചാൽ അനുയോജ്യമായ ബന്ധം വന്നുചേരാം. എന്നാൽ ചൊവ്വാദോഷം മാറ്റാനായി പവിഴം ധരിക്കരുത്. തത്തുല്യ ചൊവ്വാദോഷം ഉള്ള ജാതകമോ പാപസാമ്യത കിട്ടുന്നതോ ചേർക്കണം. ചില ജ്യോത്സ്യന്മാർ അവകാശപ്പെടുന്നതുപോലെ ചൊവ്വാ ദോഷം ഇല്ല എന്ന പ്രമാണപ്രകാരം പറയുന്ന ചൊവ്വയ്ക്കും പ്രായോഗിക അനുഭവത്തിൽ ദോഷം ഉണ്ട് എന്നത് ഓർക്കുക.
മഞ്ഞ പുഷ്യരാഗം
വിവാഹതടസ്സം മാറാനും, ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും സഹായിക്കും. സ്ത്രീകളുടെ ഭർതൃകാരക സ്ഥാനം വ്യാഴത്തിനാണ്. വില കൂടിയ മഞ്ഞ പുഷ്യരാഗത്തിന് പകരം ഗോൾഡൻ ടോപ്പാസ് എന്ന ഉപരത്നം ധരിച്ചാലും ഫലം കിട്ടും. വിവാഹം വേഗത്തിൽ നടക്കാൻ ഈ രത്നം സഹായകരമാണ്.
മുത്ത്
മനോകാരകനും സ്ത്രീജാതകത്തിന് സ്ത്രീത്വം നൽകുന്നവനും മാതൃകാരകനുമായ ചന്ദ്രന്റെ രത്നം സമുദ്രജന്യമാണ്. മുത്തുച്ചിപ്പികളിൽനിന്ന് മുത്ത് ലഭിക്കുന്നു. മനസ്സുമായും സ്ത്രീസൗന്ദര്യവുമാ.ും മുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീയിലെ സ്ത്രീത്വത്തെ ഉത്തേജിപ്പിക്കാൻ മുത്ത് ധരിക്കാം. വിവാഹം വേഗത്തിൽ നടക്കാൻ മുത്ത് സഹായകരമാകും.
ചന്ദ്രകാന്തം
മുത്തിനു പകരം ധരിക്കാവുന്ന രത്നമാണ് ചന്ദ്രകാന്തം. ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന് കേട്ടിട്ടില്ലേ. പുരുഷന് അനുയോജ്യമായ സ്ത്രീ വന്നു ചേരാൻ ചന്ദ്രകാന്തം ധരിക്കുന്നത് ഉത്തമമാണ്. വളരെ വിലകുറവുള്ള രത്നമാണ് ചന്ദ്രകാന്തം. ജാതകം നോക്കാതെതന്നെ വിവാഹം അനിശ്ചിതമായി നീളുന്ന പുരുഷന്മാർക്ക് ചന്ദ്രകാന്തം മോതിരമായിട്ടോ ലോക്കറ്റായിട്ടോ ധരിച്ച് വിവാഹജീവിതം പ്രാപ്തമാക്കാം. വിവാഹം വേഗത്തിൽ നടക്കാൻ സ്ത്രീകൾക്ക് മുത്തും പുരുഷന്മാർക്ക് ചന്ദ്രകാന്തവും ധരിക്കാം.
വജ്രം
രത്നങ്ങളുടെ മുൻനിരയിലാണ് വജ്രത്തിന്റെ സ്ഥാനം. ജാതകത്തിൽ ശനി, രാഹു എന്നിവയുടെ പാപയോഗസ്ഥിതികളാൽ വിവാഹം നടക്കാത്തവർക്കും സന്യാസയോഗം ഉള്ളവർക്കും ശുക്രന്റെ രത്നമായ വജ്രം ധരിച്ചാൽ വിവാഹം വേഗം നടക്കും. വജ്രം ധരിക്കുമ്പോൾ ജാതക പരിശോധന പ്രകാരം വജ്രം അനുകൂലമാണെങ്കിൽ മാത്രം ധരിക്കുക. അല്ലാത്തപക്ഷം മറ്റു രത്നങ്ങൾ ധരിക്കുക.
സിർക്കോൺ റിയൽ / അക്വാമറൈൻ
വജ്രം ധരിക്കാൻ സാമ്പത്തികസ്ഥിതി അനുവദിക്കാത്തവർക്ക് സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കാം. മാർച്ച് മാസത്തിൽ ജനിച്ചവർക്ക് അക്വാമറൈൻൻ വിവാഹകാര്യത്തിനു ഫലപ്രദമാണ്. ശുക്രന്റെ രത്നമായ വജ്രം നൽകുന്ന അതേ ജ്യോതിഷ പരിഹാരഫലം തന്നെ സിർക്കോൺ റിയൽ എന്ന രത്നവും നൽകും. മൂന്നു മുതൽ നാലു വരെ കാരറ്റ് ധരിക്കണം എന്നു മാത്രം. അതുപോലെ തന്നയാണ് അക്വാമറൈൻ എന്ന രത്നത്തിന്റെയും ഫലം. ജ്യോതിഷ രത്നശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരം മാത്രമേ രത്നങ്ങള്‍ ധരിക്കാവൂ. വിവാഹം വേഗം നടക്കാനും ദാമ്പത്യ വിജയത്തിനും രത്നങ്ങൾ ഫലപ്രദമാണ്. അനുയോജ്യമായത് ധരിക്കണം എന്നു മാത്രം. ലഗ്നാധിപയോഗകാരക ലഗ്നാധിപമിത്ര എന്ന രീതിയിൽ വേണം രത്നം നിശ്ചയിച്ച് ധരിക്കാൻ എന്ന കാര്യം പ്രത്യേകം ഓർക്കുക.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596