വ്യാഴമാറ്റം 2023 – രാശി_ഫലം.
2023 ഏപ്രില്‍ 22ന് സ്വന്തം രാശിയായ മീനം രാശിയില്‍ നിന്ന് വ്യാഴം മാറി മേടം രാശിയില്‍ സംക്രമിക്കും.മേടം രാശിയില്‍ വ്യാഴം വരുമ്പോള്‍ രാഹു ഗ്രഹം അവിടെ സ്ഥിതിചെയ്യും. രാഹുവും വ്യാഴവും കൂടിച്ചേര്‍ന്ന് ഗുരു ചണ്ഡാലദോഷത്തിന്റെ ഫലങ്ങള്‍ സൃഷ്ടിക്കും.
മേടം
[അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ പതിനഞ്ച് നാഴിക ]
നിങ്ങളുടെ ഒന്‍പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. നിങ്ങളുടെ ആദ്യ വീട്ടിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം വിവിധ ഗുണപരമായ നേട്ടങ്ങള്‍ നല്‍കും. രാഹുവും വ്യാഴവും കൂടിച്ചേരും, ഗുരു ചണ്ഡാലദോഷത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ കാണും. ഇത് മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ജോലിയില്‍ ചില അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കാം. ഏപ്രില്‍ 22ന് നിങ്ങളുടെ ജാതകത്തില്‍ വ്യാഴം സംക്രമിക്കുമ്പോള്‍ രാഹുവിന് പുറമെ സൂര്യനും അവിടെ ഉണ്ടാകും. അതിനാല്‍ ഈ ഗ്രഹ ചലനങ്ങള്‍ കാരണം നിങ്ങള്‍ക്ക് മാനഹാനിയും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ ജാഗ്രത പാലിക്കുക. സൂര്യന്‍ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ കുറയും. ഒക്ടോബര്‍ 30ന് രാഹു നിങ്ങളുടെ ജാതകത്തില്‍ നിന്ന് പുറത്തുവന്ന് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയം നിങ്ങള്‍ക്ക് നല്ലതും മംഗളകരവുമായ ഫലങ്ങള്‍ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ സമയം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കുറയും. നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവുമുണ്ടാകും. പ്രതിവിധിയായി നിങ്ങള്‍ ശര്‍ക്കരയും കറുത്ത എള്ളും ഉപയോഗിച്ച് ലഡൂ ഉണ്ടാക്കി പശുവിന് കൊടുക്കുക.
ഇടവം
[കാർത്തിക നാല്പത്തിയഞ്ച് നാഴിക, രോഹിണി ,മകയിരം മുപ്പത് നാഴിക]
ഇടവം രാശിക്കാര്‍ക്ക് വ്യാഴം നിങ്ങളുടെ എട്ടാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപനാണ്. ഈ സമയം ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം, കാരണം വ്യാഴം നിങ്ങളുടെ രാശിയ്ക്ക് അത്ര സൗഹൃദമല്ല. വ്യാഴം സ്വന്തം രാശി ഉപേക്ഷിച്ച് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഏപ്രിലില്‍ രാഹു, വ്യാഴം, സൂര്യന്‍ എന്നിവര്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കും. അവയുടെ ഫലത്താല്‍ നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. എന്നിരുന്നാലും, ഈ സമയത്ത് ഒരു ജോലിയിലോ ബിസിനസ്സിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. നിങ്ങളുടെ എതിരാളികള്‍ കാരണം നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. എന്നിരുന്നാലും മറ്റ് ഗ്രഹങ്ങളുടെ ശുഭഫലത്താല്‍ നിങ്ങള്‍ അവയെ മറികടക്കും. പ്രതിവിധിയായി ശര്‍ക്കരയും കറുത്ത എള്ളും ചേര്‍ത്ത് മാവ് തയ്യാറാക്കുക. അതില്‍ നിന്ന് ഒരു ചപ്പാത്തി ഉണ്ടാക്കി മഞ്ഞള്‍ തിലകം പുരട്ടുക. എന്നിട്ട് ബ്രൗണ്‍ നിറമുള്ള പശുവിന് വ്യാഴാഴ്ച ദിവസം ഇത് കൊടുക്കുക.
മിഥുനം
[മകയിരം മുപ്പത് നാഴിക, തിരുവാതിര, പുണർതം പതിനഞ്ച് നാഴിക ]
മിഥുന രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. നിങ്ങളുടെ രാശിയില്‍ നിന്ന് വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് കടക്കും. വ്യാഴ സംക്രമണം ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ വ്യാഴത്തിന്റെ സംക്രമണം നിങ്ങള്‍ക്ക് വലിയ വിജയം നല്‍കും. പ്രണയബന്ധങ്ങളില്‍ ഉള്ളവര്‍ക്ക് ഈ സമയം പ്രണയ വിവാഹത്തിലേക്ക് നീങ്ങാനാകും. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ കുറവായിരിക്കും. പങ്കാളികള്‍ക്കിടയില്‍ ആകര്‍ഷണം വര്‍ദ്ധിക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരെ സഹായിക്കാനാകും. ചില ഹ്രസ്വദൂര യാത്രകളും നിങ്ങള്‍ക്ക് നടത്താനായേക്കാം. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ചില പ്രത്യേക ആളുകളെ കാണാന്‍ സാധിക്കും. പരിഹാരമായി വ്യാഴാഴ്ച ദിവസം ഒരു വിദ്യാര്‍ത്ഥിക്കോ ബ്രാഹ്‌മണനോ പഠനോപകരണങ്ങള്‍ ദാനം ചെയ്യുക.
കര്‍ക്കിടകം
[പുണർതം പതിനഞ്ച് നാഴിക, പൂയം, ആയില്യം ]
കര്‍ക്കിടകം രാശിക്കാരുടെ ഒമ്പതാം ഭാവത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. കര്‍ക്കടക രാശിയില്‍ നിന്ന് പത്താം ഭാവത്തിലെ വ്യാഴ സംക്രമണം ജോലിസ്ഥലത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഈ സമയത്ത് നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റം നേടാനാകും. ഓഗസ്റ്റിന് ശേഷം നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ വരുത്താം. ബിസിനസ്സിലെ മാറ്റം നിങ്ങള്‍ക്ക് വലിയ വിജയം നല്‍കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി കൈവരിക്കാനാകും. കുടുംബ ജീവിതത്തില്‍ സമാധാനം നിലനില്‍ക്കും. എന്നിരുന്നാലും, ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ നിങ്ങളുടെ പിതാവിന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അതിനുശേഷം ക്രമേണ എല്ലാം ശരിയാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഈ സമയം നിങ്ങള്‍ക്ക് ഐശ്വര്യം നിറഞ്ഞതായിരിക്കും. നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സമൃദ്ധിയും നിലനില്‍ക്കും, നിങ്ങളുടെ എതിരാളികളെ ജയിക്കാനാകും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം നേടാനാകും. ദോഷപരിഹാരമായി വ്യാഴാഴ്ച ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക.
ചിങ്ങം
[മകം, പൂരം, ഉത്രം പതിനഞ്ച് നാഴിക ]
ചിങ്ങം രാശിക്കാരുടെ അഞ്ചാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. ഏപ്രില്‍ 22ന് ചിങ്ങം രാശിയില്‍ നിന്ന് വ്യാഴം ഒമ്പതാം ഭാവത്തിലേക്ക് കടക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മറ്റ് മേഖലകളില്‍ നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും നിങ്ങളുടെ പോരാട്ട വീര്യത്താല്‍ എല്ലാം തരണം ചെയ്യും. നിങ്ങളുടെ ഭാഗ്യം മാറിമറിയുകയും നല്ല പുരോഗതി ലഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സാമ്പത്തികമായും നേട്ടമുണ്ടാകും. ഈ സമയത്ത്, നിങ്ങള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ക്കും തീര്‍ത്ഥാടനത്തിനും യോഗങ്ങള്‍ കൈവന്നേക്കാം. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വ്യാഴ സംക്രമണത്തിലൂടെ നിങ്ങളുടെ വ്യക്തിത്വം പ്രസരിക്കുകയും നിങ്ങളുടെ എല്ലാ ദിശകളിലും നിങ്ങള്‍ ശക്തിപ്പെടുകയും ചെയ്യും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം മികച്ച അവസരം നല്‍കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങള്‍ക്ക് ഒരു വലിയ അവാര്‍ഡോ ഉയര്‍ന്ന സ്ഥാനമോ ലഭിച്ചേക്കാം. പ്രതിവിധിയായി വ്യാഴാഴ്ച ദിവസം വ്യാഴത്തിന്റെ ബീജമന്ത്രം ചൊല്ലണം. ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ കറുത്ത എള്ള് ദാനം ചെയ്യണം.
കന്നി
[ഉത്രം നാല്പത്തിയഞ്ച് നാഴിക, അത്തം, ചിത്തിര മുപ്പത് നാഴിക ]
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം എട്ടാം ഭാവത്തില്‍ സംഭവിക്കും. നിങ്ങളുടെ നാലാമത്തെയും ഏഴാമത്തെയും വീടിന്റെ അധിപന്‍ വ്യാഴമാണ്. ഈ സംക്രമണം നിങ്ങള്‍ക്ക് അത്ര സമൃദ്ധമായിരിക്കില്ല. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് വ്യാഴത്തിന്റെ സംക്രമണത്തിലൂടെ ആഗ്രഹങ്ങള്‍ സഫലമാകും. അത് നിങ്ങള്‍ക്ക് വലിയ വിജയവും നല്‍കും. ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അത്ര സുഖകരമായിരിക്കില്ല. നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ ഒരു പ്രതിസന്ധിയുണ്ടായേക്കാം. വഴക്കിന് സമാനമായ സാഹചര്യം ഉണ്ടാകാം. വ്യാഴത്തിന്റെ സംക്രമണ വേളയില്‍ വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യവും പങ്കാളിയുടെ ആരോഗ്യവും നന്നായി ശ്രദ്ധിക്കുക. ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ ചില നിയമ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം, അതിനാല്‍ ജാഗ്രത പാലിക്കുക. ഈ വ്യാഴ സംക്രമണം നിങ്ങള്‍ക്ക് വിദേശ യാത്രയ്ക്കുള്ള അവസരം നല്‍കിയേക്കാം. ഒക്ടോബറിനുശേഷം ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വലിയ നേട്ടം ലഭിക്കും. പ്രതിവിധിയായി നിങ്ങള്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും കര്‍പ്പൂരം കത്തിച്ച് ആരതി നടത്തുകയും വേണം.
തുലാം
[ചിത്തിര മുപ്പത് നാഴിക, ചോതി, വിശാഖം നാല്പത്തി അഞ്ച് നാഴിക ]
തുലാം രാശിക്കാരുടെ മൂന്നാമത്തെയും ആറാമത്തെയും വീടിന്റെ അധിപന്‍ വ്യാഴമാണ്. തുലാം രാശിയില്‍ നിന്ന് വ്യാഴം ഏഴാം ഭാവത്തില്‍ സഞ്ചരിക്കും. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ഗുരുചണ്ഡാല ദോഷവും മറ്റ് ഗ്രഹചലനങ്ങളും രൂപപ്പെടും. ഇതുകാരണം ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഒരു വലിയ പ്രശ്നം നേരിടേണ്ടി വന്നേക്കാം. ഓഗസ്റ്റിനുശേഷം കാര്യങ്ങള്‍ മാറും. നിങ്ങളുടെ ബിസിനസ്സില്‍ പുരോഗതി കാണും. സെപ്റ്റംബറിന് ശേഷം, നിങ്ങളുടെ ദാമ്പത്യജീവിതം മെച്ചപ്പെടും, പങ്കാളിയുമായി കൂടുതല്‍ അടുപ്പമുണ്ടാകും. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സാമ്പത്തിക പുരോഗതി കാണും. ഈ സമയം നടത്തുന്ന ചെറിയ യാത്രകള്‍ നിങ്ങളുടെ പോസിറ്റിവിറ്റിയും മനോവീര്യവും വര്‍ദ്ധിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. പ്രതിവിധിയായി നിങ്ങള്‍ ചോറില്‍ നെയ്യ് കുഴച്ച് വിഷ്ണുവിന് നിവേദ്യമായി സമര്‍പ്പിക്കുക. എന്നിട്ട് പ്രസാദ രൂപത്തില്‍ സ്വയം കഴിക്കുക.
വൃശ്ചികം
[വിശാഖം പതിനഞ്ച് നാഴിക, അനിഴം, തൃക്കേട്ട ]
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം നിങ്ങളുടെ ആറാമത്തെ വീട്ടിലേക്ക് കടക്കും. നിങ്ങളുടെ രണ്ടാം വീടിന്റെയും അഞ്ചാം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ആറാമത്തെ ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍, ആ സമയത്ത്, സൂര്യന്‍, ബുധന്‍, രാഹു എന്നിവര്‍ അവിടെയുണ്ടാകും. നിങ്ങളുടെ ആറാമത്തെ വീട്ടില്‍, ഈ നാല് ഗ്രഹങ്ങളുടെ ചതുര്‍ഗ്രഹ യോഗമുണ്ടാകും. അവയുടെ ഫലങ്ങള്‍ കാരണം നിങ്ങള്‍ക്ക് കരളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയേക്കാം. ചിലവുകളില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. സെപ്റ്റംബറിന് ശേഷം നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. നവംബറിനും ഡിസംബറിനുമിടയില്‍ നിങ്ങളുടെ കരിയറില്‍ നല്ല മാറ്റങ്ങള്‍ കാണും. വിദേശത്തേക്കോ മറ്റ് ദൂരദേശങ്ങളിലേക്കോ യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രതിവിധിയായി നിങ്ങള്‍ ദിവസവും വിഷ്ണു സഹസ്രനാമ സ്‌തോത്രത്തിന്റെ സ്തുതികള്‍ ചൊല്ലുക.
ധനു
[മൂലം, പൂരാടം, ഉത്രാടം പതിനഞ്ച് നാഴിക ]
വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംഭവിക്കും. ധനു രാശിയുടെ അധിപനാണ് വ്യാഴം. വ്യാഴത്തിന്റെ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. കാരണം ഈ സംക്രമണം മൂലം പിതൃദോഷവും സൃഷ്ടിക്കപ്പെടും. നിങ്ങളുടെ ജാതകത്തില്‍ ഇതിനകം പിത്രദോഷം ഉണ്ടെങ്കില്‍, ഈ സംക്രമണം നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ സന്താനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടായേക്കാം. എന്നാല്‍ ഈ സമയം സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടുകയും നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. വ്യാഴത്തിന്റെ സംക്രമണം പ്രണയകാര്യങ്ങളില്‍ അനുകൂലമായിരിക്കില്ല. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ പഠനവും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി കാണും. നിങ്ങളുടെ ആത്മവിശ്വാസം ഉയരും. ഈ സംക്രമണത്തിന്റെ തുടക്കത്തില്‍ ജോലിയില്‍ ചില മാറ്റവും കാണാം. പ്രതിവിധിയായി വ്യാഴത്തിന്റെ ബീജമന്ത്രം ദിവസവും 108 തവണ ചൊല്ലുക..
മകരം
[ഉത്രാടം നാല്പത്തിയഞ്ച് നാഴിക, തിരുവോണം, അവിട്ടം മുപ്പത് നാഴിക ]
മകരം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്. വ്യാഴം നിങ്ങളുടെ നാലാമത്തെ വീട്ടില്‍ സഞ്ചരിക്കും. നാലാം ഭാവത്തില്‍ വ്യാഴം പോകുന്നത് അത്ര ശുഭകരമായി കണക്കാക്കുന്നില്ല. സൂര്യനും രാഹുവും ചേര്‍ന്ന് രൂപപ്പെടുന്ന സഖ്യം വ്യാഴത്തിന്റെ സംക്രമണത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കണം. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ജോലിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അവരെ അലട്ടിയേക്കാം. ഒക്ടോബറിനുശേഷം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിലനില്‍ക്കും. പ്രതിവിധിയായി ദിവസവും നെറ്റിയില്‍ കുങ്കുമ തിലകം പുരട്ടുക.
കുംഭം
[അവിട്ടം മുപ്പത് നാഴിക, ചതയം, പൂരുരുട്ടാതി നാല്പത്തിയഞ്ച് നാഴിക ]
കുംഭം രാശിക്കാര്‍ക്ക് വ്യാഴം രണ്ടാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപനാണ്. വ്യാഴത്തിന്റെ സംക്രമം നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ ആയിരിക്കും. വ്യാഴത്തിന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ സംക്രമണം നടക്കുന്ന സമയത്ത് രാഹുവും സൂര്യനും ബുധനും വ്യാഴവുമായി ചേര്‍ന്ന് വരും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാനാകും. ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും തകര്‍ച്ച അനുഭവപ്പെട്ടേക്കാം. സഹോദരങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഒക്ടോബര്‍ വരെയെങ്കിലും നിങ്ങള്‍ വിനോദയാത്രകള്‍ നടത്തരുത്. ഈ സമയത്ത് സന്ധി വേദന, തോളില്‍ വേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ചെവിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഈ സമയത്ത് അത് വര്‍ദ്ധിച്ചേക്കാം. വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അഭിവൃദ്ധി നല്‍കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തിക വര്‍ദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സില്‍ വിജയസാധ്യതകള്‍ കടന്നുവന്നേക്കാം. പ്രതിവിധിയായി നിങ്ങളുടെ പോക്കറ്റില്‍ മഞ്ഞ നിറത്തിലുള്ള ഒരു തൂവാല സൂക്ഷിക്കുക.
മീനം
[പൂരുരുട്ടാതി പതിനഞ്ച് നാഴിക ഉത്തൃട്ടാതി, രേവതി ]
മീനരാശിയുടെ പത്താം ഭാവത്തിന്റെ അധിപന്‍ വ്യാഴമാണ്. വ്യാഴത്തിന്റെ ഈ സംക്രമണം നിങ്ങളുടെ രണ്ടാം ഭാവത്തില്‍ സംഭവിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് ഈ സമയം നിങ്ങള്‍ ജാഗ്രത പാലിക്കണം. നിങ്ങളുടെ സംസാരവും നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഈ സമയം തുടക്കത്തില്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ കുടുംബത്തില്‍ വഴക്കുകള്‍ ഉണ്ടാകാനിടയുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച കാണാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിങ്ങളുടെ എതിരാളികള്‍ക്കും ശത്രുക്കള്‍ക്കും വെല്ലുവിളി നല്‍കാനാകും. തൊഴില്‍ മേഖലയ്ക്കായി നിങ്ങള്‍ കൂടുതല്‍ പരിശ്രമവും കഠിനാധ്വാനവും ചെയ്യേണ്ടിവരും. വ്യാഴത്തിന്റെ സംക്രമണ സമയത്ത് നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം വന്നേക്കാം. അല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രതിവിധിയായി വ്യാഴാഴ്ച ദിവസം നിങ്ങളുടെ ചൂണ്ടുവിരലില്‍ സ്വര്‍ണ്ണ മോതിരത്തില്‍ മഞ്ഞ ടോപസ് രത്‌നം പതിച്ച് ധരിക്കേണ്ടതാണ്.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596