ശനിദോഷം ഹനുമാനുമായി ഉടമ്പടി ചെയ്ത് പരിഹരിക്കാം . ?
ഏറ്റവും മന്ദഗതിയിൽ നീങ്ങുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ രണ്ടര വർഷമെടുക്കും. ഈ ദോഷകാലത്തെ അതിജീവിക്കാൻ വായുവേഗത്തിൽ പ്രസാദിക്കുന്ന ഭഗവാനാണ് ശ്രീഹനുമാൻ.
പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണത്തിലും ദേവീഭാഗവതത്തിലും പറയുന്നുണ്ട്. ഹനുമാൻ സ്വാമിയുടെ നാമമോ ഹനുമാൻ ഭജനയോ കേട്ടാൽ തന്നെ ശൂദ്ര ശക്തികൾ അകന്നു പോകും.
വഴിപാടുകൾ
ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളില്‍ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ സര്‍വകാര്യജയം സാധ്യമാകുകയും ദോഷങ്ങളെല്ലാം മാറുകയും ചെയ്യും. വെറ്റിലമാല ചാർത്തുക, അവൽ നിവേദ്യം നൽകുക, സിന്ദൂരക്കാപ്പ് വഴിപാട് ചെയ്യുക എന്നിവയും ശനിദോഷ നിവാരണത്തിന് ഉത്തമം.തുളസിമാല അണിയിച്ച് പ്രാര്‍ഥിച്ചാല്‍ അസുഖങ്ങൾ മാറി സുഖ സൗഖ്യങ്ങളോടെയുള്ള ജീവിതം സാധ്യമാകും. ഹനുമാൻ വിഗ്രഹത്തെ വലം വച്ച് പ്രാർഥിച്ചാൽ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും പോലും അകലും.
വഴിപാട് ചെയ്യുന്ന ദിവസം /ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങളുടുത്ത് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിലെത്തണം.
മന്ത്രജപം എങ്ങിനെ ?
ജീവിതദു:ഖം, ദുരിതം, ശത്രുശല്യം ഇവ കാരണം പൊറുതിമുട്ടിയവർക്ക് ഇവയിൽ നിന്നെല്ലാം മോചനം നേടാനുള്ള മന്ത്രമാണിത്. ഈ മന്ത്രം ജപിക്കുമ്പോൾ സ്വന്തം ദുരിതം അകറ്റണം എന്നു മാത്രം ആഗ്രഹിക്കുക; അത് ഹനുമാൻ സ്വാമിയോട് പറയുക. ബാക്കിയെല്ലാം സ്വാമിക്ക് വിട്ടുകൊടുക്കുക.
നിങ്ങളുടെ ശത്രുക്കളോ നിങ്ങളെ ശല്യം ചെയ്യുന്നവരോ ആയാൽ പോലും ഒരു കാരണവശാലും അവരുടെ വീഴ്ചയോ തകർച്ചയോ ആഗ്രഹിക്കരുത്. സ്വാർത്ഥത വെടിഞ്ഞ് പ്രാർത്ഥിക്കുമ്പോൾ തന്നെ ഹനുമാൻ ഭഗവാന്റെ കാരുണ്യത്താൽ നിങ്ങളുടെ ദു:ഖത്തിന് പരിഹാരമുണ്ടാകും. ആർക്കെങ്കിലും നിങ്ങളോട് ശത്രുതയുണ്ടെങ്കിൽ അവരെ സ്നേഹത്തിലൂടെ കീഴ്പ്പെടുത്താൻ കഴിയും. അങ്ങനെ ശത്രു / ഗ്രഹ ശല്യം ഒഴിഞ്ഞു പോകും. മന്ത്രം ഇതാ:
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖ ക്ഷയ കരോ ഭവ :
അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെ നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ സ്വാമി അനുഗ്രഹിക്കൂ. അടുത്ത് ഹനുമാൻ ക്ഷേത്രമില്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ഈശ്വര സന്നിധി തിരഞ്ഞെടുക്കാം. അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നോ ഇരുന്നോ മന്ത്രം 108 തവണ എല്ലാ വ്യാഴാഴ്ചയും ജപിക്കണം; ഇത് 27 വ്യാഴാഴ്ചകളിൽ തുടരണം. ഈ ജപകാലത്തെ വ്യത്യാസങ്ങൾ അറിയാം.
ശനിയുടെ ദുഷ് സ്വാധീനത്തെ അകറ്റാൻ രത്നധാരണവും ഒപ്പം ചെയ്താൽ അത്ഭുതങ്ങൾ സംഭവിക്കും. നിശ്ചയം.
✍
പ്രസൂൺ സുഗതൻ രാവണൻ ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596