സ്ത്രീ/പുരുഷ ജാതകങ്ങളിൽ നിന്ന് തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച് സൂചനകൾ ലഭിക്കും.
വിവാഹം കഴിക്കാൻ തീരുമാനിച്ച ഓരോ പെൺകുട്ടിയുടേയും ഉള്ളിൽ തന്‍റെ ഭാവി വരൻ എപ്രകാരം ഉള്ള ആളായിരിക്കും എന്ന ചിന്തയുണ്ടാകും. സ്നേഹമുള്ള ആളായിരിക്കുമോ, തന്നെ സംരക്ഷിക്കുമോ, കുടുംബാംഗങ്ങളുമായി എങ്ങനെയായിരിക്കും പെരുമാറുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ടായിരിക്കും.
വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഏകദേശം ഒരു ധാരണ ലഭിക്കുന്നതിനും സാധിക്കും. അതിനനുസരിച്ച് പങ്കാളിയുമായുള്ള ഭാവി ജീവിതം ക്രമീകരിക്കുകയും ദോഷ പരിഹാരങ്ങൾ യഥാസമയം നടത്തുകയും ചെയ്താൽ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ ഒരു പരിധി വരെ പരിഹരിച്ച് ദാമ്പത്യ ജീവിതം സന്തോഷ പൂര്‍ണമായി കൊണ്ടു പോകാവുന്നതാണ്.
ഉദ്ദാഹരണങ്ങൾ. നോക്കാം.
1 – സ്ത്രീ ജാതകത്തിൽ ബുധക്ഷേത്രമായ മിഥുനമോ കന്നിയോ ഏഴാം ഭാവമായി വരികയോ ഏഴിൽ ബുധാംശകം വരികയോ ചെയ്താൽ ഭര്‍ത്താവ് വിദ്വാനും സാഹിത്യ കലാ അഭിരുചിയുള്ളവനും സുഖഭോഗങ്ങളിൽ താല്‍പര്യമുള്ളവനും. ഹാസ്യരസപ്രിയനും സംസാരത്തിൽ മറ്റൊരാൾക്ക് ജയിക്കാൻ കഴിയാത്തവനും മധുര വസ്തുക്കളിൽ താൽപര്യമുള്ളവനുമായിരിക്കും. വ്യാഴ ക്ഷേത്രമായ ധനുവോ മീനമോ ഏഴാം ഭാവം ആവുകയോ ഏഴിൽ വ്യാഴാംശകം വരികയോ ,ചെയ്താൽ ഭര്‍ത്താവ് സൽഗുണ സമ്പന്നനും ഇന്ദ്രിയ വിജയമുള്ളവനും വിനയമുള്ളവനും സുഖഭോഗ തൽപരനും മധുര രസമുള്ള ആഹാരങ്ങളിൽ തൽപരനുമായിരിക്കും.
2-സ്ത്രീ ജാതകത്തിൽ ചന്ദ്രക്ഷേത്രമായ കര്‍ക്കടകം ഏഴാമിടമാവുകയോ ചന്ദ്രാംശം ഏഴിൽ വരികയോ ചെയ്താൽ ഭര്‍ത്താവ് രതിക്രിയകളിൽ അതീവ തൽപരനായിരിക്കും. തന്ത്രശാലിയും മനസിലിരിപ്പ് പുറത്ത് അറിയാൽ കഴിയാത്തവനും കാര്യ സാധ്യത്തിന് ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്നവനും മധുരഭാഷിയും മൃദുവായ പെരുമാറ്റമുള്ളവനുമായിരിക്കും.
3 -സ്ത്രീ ജാതകത്തിൽ കുജ ക്ഷേത്രമായ മേടം വൃശ്ചികം ഏഴാം ഭാവമായി വരികയോ ഏഴിൽ കുജാംശകം വരികയും ചെയ്താൽ ഭര്‍ത്താവ് സ്ത്രീകളിൽ ആകൃഷ്ഠനും ദൃഢശരീരവും സാഹസിക പ്രവര്‍ത്തികൾ ചെയ്യാൻ മടിയില്ലാത്തവനും കോപിഷ്ഠനും എരിവുള്ള ഭക്ഷണങ്ങളിൽ താൽപര്യമുള്ളവനും സ്വന്തം താൽപര്യങ്ങൾ മറച്ചു വെക്കുന്നവനുമായിരിക്കും.
4-സ്ത്രീ ജാതകത്തിൽ ഏഴാം ഭാവം ശുഭ ക്ഷേത്രമാവുകയും അവിടെ ശുഭ ഗ്രഹം നിൽക്കുകയോ അംശിക്കുകയോ ചെയ്താൽ ഭര്‍ത്താവ് സുന്ദരനും സൽകീര്‍ത്തിമാനും വിദ്വാനും ധനികനുമായിരിക്കും. ഏഴാം ഭാവം പാപക്ഷേത്രമാവുകയും അവിടെ പാപഗ്രഹം നിൽക്കുകയോ അംശിക്കുകയോ ചെയ്താൽ ഭര്‍ത്താവ് ധൂര്‍ത്തനും വിരൂപനും അറിവില്ലാത്തവനും നിര്‍ദ്ധനനുമായിരിക്കും. അവര്‍ക്ക് വിയോഗവും ഉണ്ടാവാൻ സാധ്യയതയുണ്ട്. ഏഴിൽ ശുഭന്മാര്‍ കൂടി നിന്നാൽ പുനര്‍ വിവാഹത്തിന് ഇടയാക്കും. സൂര്യക്ഷേത്രമായ ചിങ്ങം ഏഴാമിടവാവുകയോ ഏഴിൽ സൂര്യാശംകം വരികയോ ചെയ്താൽ ശരീര- മനസ്സുകൾക്ക് മാര്‍ദ്ദവമുള്ളവനും അധികമായി കര്‍മം ചെയ്യുന്നവനും വിശപ്പ് സഹിക്കാൻ കഴിയുന്നവനും ഗൗരവക്കാരനും ആരേയും വകവെക്കാത്ത പ്രകൃതവും ലൈംഗിക കാര്യങ്ങളിൽ താൽപര്യ കുറവുള്ളവനും, എരിവുള്ള മാംസാഹാരം ഇഷ്ടപ്പെടുന്നവനുമായിരിക്കും.
5 -സ്ത്രീ ജാതകത്തിൽ സ്ത്രീ ജാതകത്തിലെ ഏഴാം ഭാവവും ശുക്രനും യുഗ്മ രാശികളായ ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം മകരം മീനം, ഇവയിൽ ഏതെങ്കിലും ഒന്ന് ആവുകയും അതിന് ശുഭഗ്രഹയോഗ ദൃഷ്ടികൾ ഉണ്ടാവുകയും ചെയ്താൽ ഭര്‍ത്താവ് സൽസ്വഭാവിയും സ്ത്രൈണ സ്വഭാവമുള്ളവനുമായിരിക്കും. എന്നാൽ ഏഴാം ഭാവവും ശുക്രനും ഓജ രാശികളായ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവയിൽ ഒന്നാവുകയും പാപയോഗ ദൃഷ്ടി ഉണ്ടാവുകയും ചെയ്താൽ ഭര്‍ത്താവ് പൗരുഷമുള്ളവനും പാപകര്‍മങ്ങൾ ചെയ്യുന്നവനുമായിരിക്കും.
ഏഴാമിടം ചാരരാശിയായാൽ ഭര്‍ത്താവ് എന്നും യാത്രയിലായിരിക്കും. ബുധമന്ദന്മാര്‍ ഏഴാം ഭാവത്തിൽ നിന്നാൽ ഭര്‍ത്താവിന് നപുംസക പ്രകൃതിയായിരിക്കും.
ഇപ്രകാരം പുരുഷ ജാതകം പരിശോധിച്ച് ഭാര്യയായി വരാൻ പോകുന്ന സ്ത്രീയെ സംബന്ധിച്ചും വ്യക്തമായി ധാരണകൾ സ്വരൂപിക്കാം. പ്രണയ ബന്ധം / വിവാഹ ആലോചന തുടങ്ങും മുമ്പ് സ്ത്രീ/ പുരുഷ ജാതകങ്ങൾ പരിശോധിച്ച് പൊരുത്തം നോക്കുന്നതിന് ഒപ്പം ജാതകരുടെ സ്വഭാവം, പെരുമാറ്റ രീതികൾ എന്നിവയും അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണ്. മുൻകരുതലുകൾ എടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗുണം ചെയ്യും. എന്നിരുന്നാലും ചില അപ്രീയ സത്യങ്ങൾ പുറത്ത് പറയരുത് എന്ന എത്തിക്ക്സ് പാലിക്കപ്പെടുകയും ചെയ്യും.
സ്ത്രീ/പുരുഷ ജാതകങ്ങൾ പരിശോധിച്ച് ദോഷങ്ങൾക്ക് പരിഹാരവും യോഗകാരകനായ ഗ്രഹത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്ന രത്നധാരണം കൂടി ചെയ്താൽ ദാമ്പത്യ ജീവിതത്തിൽ അസൂയവഹമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596