വീടിന്റെ കിണര് ശരിയായ സ്ഥാനത്താണോ? കിണര്, ജലാശയം(കുളം) നിര്മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്ക്ക് അനുഗ്രഹദായകമായ ഇടത്താണോ? ഇത്തരം ചോദ്യങ്ങള്ക്കുളള കുറിയ്ക്കു കൊളളുന്ന മറുപടി, വാസ്തുശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളില് ഒന്നായ “മനുഷ്യാലയ ചന്ദ്രിക” യെ ആധാരമാക്കി കഴിയുന്നത്ര ലളിതമായി ഇവിടെ വിശദീകരിക്കുന്നു.
മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളില് മനുഷ്യാലയ നിര്മ്മാണത്തില് കയ്യില് രുദ്രാക്ഷമണിഞ്ഞ ശില്പ ശാസ്ത്രജ്ഞര് അംഗീകരിച്ചു വരുന്ന പ്രമാണഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രിക” യില് നിന്നുള്ള വിവരങ്ങളാണ് താഴെ:
വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില് സര്വ സമൃദ്ധി ഉണ്ടാക്കും. ആ കോണില് നിന്ന് തെക്ക് ഭാഗത്തേയ്ക്കുളള മേടം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള കുംഭം രാശിയിലും കിണര് ഉണ്ടായാല് ഐശ്വര്യപ്രദമാണ്.
തെക്ക് ഭാഗത്തേക്കുളള ഇടവം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള മകരം രാശിയിലും കിണര് മദ്ധ്യമഫലം തരുന്നു. ബ്രഹ്മപദത്തിന്റെ വടക്ക് കിഴക്കേ കോണില് കര്ണ്ണസൂത്രത്തിന്റെ ഇരുഭാഗത്തും കിണര് അത്യുത്തമം ആകുന്നു. കര്ണ്ണസൂത്രത്തിന്റെ ഇരുഭാഗങ്ങളില് ഉളള പദങ്ങള് “ആപന്”., “ആപവത്സന്”. എന്നിവയാണ്. തെക്ക് പടിഞ്ഞാറെ കോണില് “ഇന്ദ്രജയന്”. (ഇന്ദ്രജിത്ത്) എന്ന പദത്തിലും നേരെ പടിഞ്ഞാറ് “വരുണ”പദത്തിലും കിണര് ശുഭമായി കണ്ടിട്ടുണ്ട്.
വിശദീകരണം
കിണര് കുഴിയ്ക്കാന് ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. ഈ അഞ്ചുരാശികളിലെ കിണര് പതിവുളളൂ (ശാസ്ത്രം പറയുന്നു). ഈ കാര്യത്തില് വീടിന്റെ ദര്ശനം പരിഗണിക്കേണ്ടതില്ല. വീടിന്റെ വാസ്തുമണ്ഡലം വിട്ടിട്ടുളള ഭാഗങ്ങളില് ആ ഭൂമിയുടെ രാശി നോക്കി കിണര് നിര്മ്മിയ്ക്കാവുന്നതാണ്.
അപ്പോള് വാസ്തുമണ്ഡലത്തിനുളളിലെ വീടിനെ പരിഗണിക്കേണ്ടതില്ല.
കിണര് അടുക്കളയോട് അടുത്ത് വരുന്നത് നല്ലതാണ്. പക്ഷെ അടുക്കള അഗ്നിപദത്തില് (തെക്ക് കിഴക്ക് കോണ്), വായു പദത്തില് (വടക്ക് പടിഞ്ഞാറ് കോണ്) എന്നിവയിലാണ് എങ്കില് കിണര് അതിന് സമീപം പാടില്ല. പഴയ തറവാടുകളില് അടുക്കള വീടിനുളളില് നിന്ന് വെളളം കോരാവുന്ന വിധത്തില് കിണര് നിര്മ്മിച്ചിരിയ്ക്കുന്നതിന്റെ യുക്തി ഇതില് നിന്ന് മനസ്സിലാക്കാം.
ശാസ്ത്രം വേണ്ട വിധത്തില് അഭ്യസിച്ചിട്ടില്ലാത്തവര് വാദിക്കുന്നത് കേള്ക്കാം, തെക്ക് പടിഞ്ഞാറ് വശത്തും, പടിഞ്ഞാറ് വശത്തും കിണര് പാടില്ല എന്ന്, അത് തെറ്റാണ്.
പടിഞ്ഞാറ് വശത്ത് തെക്ക് പടിഞ്ഞാറിന് അടുത്തായി വാസ്തുമണ്ഡലത്തില് ഒരു പദമാണ് ഇന്ദ്രജിത്ത് പദം. ഇവിടെ കിണര് ആകാം എന്ന് “മനുഷ്യാലയ ചന്ദ്രിക”വ്യക്തമായി സൂചനകള് തരുന്നത് പ്രമാണത്തില് നിന്ന് വ്യക്തമാണ്. പക്ഷെ ചെറിയ പറമ്പുകളില് ഇന്ദ്രജിത്ത് പദം കൃത്യമായി സ്ഥാനനിര്ണ്ണയം ചെയ്യുക എളുപ്പമല്ല. സ്ഥാനം അല്പം ഒന്ന് നീങ്ങിയാല് പിഴച്ചുപോകും. അതുകൊണ്ട് കേരളത്തില് ഇന്ന് ജീവിച്ചിരിയ്ക്കുന്ന വാസ്തു വിദഗ്ധര് ആരും അത്തരം ഒരു അപകടസാദ്ധ്യതയിലേയ്ക്ക് പോകില്ല. മകരം, കുംഭം, മീനം, മേടം, ഇടവം രാശികള് തന്നെ സ്വീകരിക്കുന്നു. വെള്ളമുള്ളിടത്ത് സ്ഥാനമില്ല എങ്കില് വെള്ളമുള്ളിടത്ത് കിണര് കുഴിയ്ക്കാം. പക്ഷെ അപ്രകാരം ചെയ്യുന്നുവെങ്കില് കിണറിരിക്കുന്ന ഭൂമിയെ വേറൊരു ഭൂമിയായി ദീര്ഘചതുരം, സമചതുരം ഇതില് ഏതെങ്കിലും ഖണ്ഡമായി തിരിക്കുക.
അപ്രകാരം ചെയ്യാനുള്ള സ്ഥലവിസ്തൃതി ഉണ്ടാകണം എന്ന് മാത്രം. എത്ര വിദഗ്ധമായാണ് മനുഷ്യാലയ ചന്ദ്രിക ദോഷപരിഹാരം നിര്ദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോള് മനസിലാക്കിയിരിക്കുമല്ലോ ? പക്ഷെ ശ്രമകരമായ സ്ഥാനനിര്ണ്ണയത്തിനും, ദോഷപരിഹാരത്തിനും, ദോഷമേകി നില്ക്കുന്ന കിണര് വിധിപ്രകാരം മൂടുന്നതിനും വാസ്തു വിദഗ്ധന്റെ സഹായം തേടുന്നതിനാണ് ശാസ്ത്രം നിര്ദ്ദേശിച്ചിരിക്കുന്നത്.
അഗ്നികോണില് കിണര് പാടില്ല എങ്കിലും അഗ്നി കോണിനടുത്തുളള അന്തരീക്ഷപദത്തിലും കിണര് ആകാം എന്നും കിണറിന് പറ്റിയ സ്ഥാനങ്ങള് എല്ലാം തന്നെ കുളങ്ങള്ക്കും പറ്റിയതാണ് എന്നും സൂചനകള് നല്കിക്കൊണ്ട് “കൂപം ശോഭന അന്തരീക്ഷക പദേ . . .” എന്നു തുടങ്ങുന്ന ശ്ലോകത്തില് മനുഷ്യാലയ ചന്ദ്രിക വിശദീകരിക്കുന്നു. ശ്ലോകങ്ങള്/പ്രമാണങ്ങള് ആവര്ത്തിക്കാതെ ആശയം വിശദീകരിയ്ക്കാം. ശ്ലോകത്തില് വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
കിഴക്ക് പുറത്ത് ഇന്ദ്രപദത്തിലും, നേരെ വടക്ക് അകത്ത് രണ്ട് പദങ്ങള് കൂടിയുളള മഹീന്ദ്രപദത്തിലും, പടിഞ്ഞാറ് പുറത്ത് വരുണ പദത്തിലും, വടക്ക് സോമപദത്തിലും, ഈശാന പദത്തിലും, അതിന്റെ തെക്ക് മേഷരാശിപദത്തിലും കുളം നിര്മ്മിയ്ക്കാവുന്നതാണ്.
വായനക്കാര് അറിയേണ്ടത് ഇത്രമാത്രം. കിണറിന്റെ സ്ഥാനം കണ്ടെത്തിയ ഇടങ്ങളിലെല്ലാം ജലലഭ്യത അനുസരിച്ച് കുളങ്ങള്ക്കും സ്ഥാനമുണ്ട്. ഒരു വസ്തുവില് കിണറായോ, കുളമായോ പല ഇടങ്ങളിലും ജലാശയങ്ങള് ഉണ്ടാകുന്നത് അത്രയും നന്ന് എന്ന് മനുഷ്യാലയ ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. പക്ഷെ സ്ഥാനനിര്ണ്ണയം ആവശ്യമാണ് എന്ന് മാത്രം.
ദോഷഫലങ്ങള്
നിരൃതി കോണില് (കന്യാകോണില്) കിണര് കുഴിച്ചാല് ബാലമരണമാണ് ഗ്രന്ഥം പറയുന്നത്. “…പുനരത്രകൂപ ഖനനം” എന്ന പ്രയോഗം കൊണ്ട് പുരപണിയുന്നതിന് മുന്പ് ഉണ്ടാക്കിയ കിണറാണെങ്കില് ദോഷമില്ല എന്ന് അര്ത്ഥം മനുഷ്യാലയ ചന്ദ്രിക തരുന്നു. എങ്കിലും കിണര് ചില സ്ഥാനങ്ങളില് പാടില്ലാ എന്ന് ഗ്രന്ഥത്തില് പറയുന്നത് കൊണ്ട് ഭാഗ്യപരീക്ഷണം അരുതേ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് വായുകോണില് കിണറ് കുഴിച്ചാല് സ്ത്രീനാശം വരുന്നതാണ്.
പുരയുടെ അഗ്നികോണില് കിണര് കുഴിക്കരുത്, കുളവും ഉണ്ടാക്കരുത്. ആയത് അഗ്നിഭയം പ്രദാനം ചെയ്യും. പുരയുടെ തെക്ക് ഭാഗത്തെ കിണറും ഫലം നല്കുന്നത് അപ്രകാരം തന്നെ. ഗ്രാമങ്ങളും, പട്ടണങ്ങളും രൂപകല്പ്പന ചെയ്യുമ്പോഴും (ഇപ്പോഴത്തെ വില്ലകള് ഇത്തരത്തിലെ ചെറിയ ഗ്രാമ സംവിധാനമായി കണക്കാക്കാം) തെക്ക് ഭാഗത്ത്, കുളം, കിണര്, താമര/ആമ്പല് പൊയ്കകള് എന്നിവ പാടില്ല. അപ്രകാരം വീടിനോട് ചേര്ന്ന ഇടങ്ങളില് പൂങ്കാവനവും, സര്പ്പക്കാവും ഉണ്ടാക്കരുത് എന്ന് സൂചനയോടെയാണ് മനുഷ്യാലയ ചന്ദ്രികയില് കൂപഭാഗം അവസാനിയ്ക്കുന്നത്.
വാസ്തുശാസ്ത്രത്തില് കിണറിന് നല്കുന്ന പ്രാധാന്യം ചിന്തിക്കേണ്ടത് തന്നെയാണ്. കിണര് തെറ്റായ സ്ഥാനത്ത് വന്നാല് ആരോഗ്യകരമായ ദോഷങ്ങളാണ് “മനുഷ്യാലയ ചന്ദ്രിക” യില് ചൂണ്ടിക്കാട്ടിയിരിക്കുന്നത് എങ്കിലും ചിലയിടങ്ങളില് ധനസംബന്ധമായ വീഴ്ചയേയും സൂചിപ്പിക്കുന്നു. മനുഷ്യാരോഗ്യത്തിനും, ഐശ്വര്യത്തിനും, ഗൃഹവാസികളുടെ സമ്പന്നതയ്ക്കും “മനുഷ്യാലയ ചന്ദ്രിക” നല്കുന്ന നിഷ്കര്ഷ എന്ത് എന്ന് വായനക്കാര്ക്ക് മനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിവരെ സാധിച്ചു എന്ന വിശ്വാസത്തോടെ.