കാലുള്ള നക്ഷത്രങ്ങൾ സത്യം എന്താണ് ?
ഒരു നക്ഷത്ര വ്യാപ്തി അറുപത് (60) നാഴികയാണ്, അതായത് 60 x 24 = 1440/ 60 = 24 മണിക്കൂർ .സാധാരണ ഗതിയിൽ 24 മണിക്കൂർ ആ നക്ഷത്രമുണ്ടാകും. എന്നാൽ മേൽ പറഞ്ഞ അറുപതു നാഴികയെ പതിനഞ്ചു (15) നാഴിക വീതമുള്ള നാലു കാലുകളായും (പാദം) മുപ്പത് (30) നാഴിക വീതമുള്ള അരകളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പതിനഞ്ചു (15) നാഴിക ഉൾക്കൊള്ളുന്ന ഒരു കാൽ ഭാഗം നക്ഷത്രത്തെയാണ് നക്ഷത്രക്കാലെന്നു പറയുന്നത്. അതിനെ ഒരു നക്ഷത്രപാദം എന്നും പറയും.
പൂയം, അത്തം , പൂരാടം എന്നീ മൂന്നു നക്ഷത്രങ്ങളുടെ നാലു കാലുകളും ദോഷ പ്രദങ്ങളാണ്.
പൂയം നക്ഷത്രം
പൂയം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ ജാതകനു തന്നെയും ( തൻ കാല്) രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിനും (അമ്മ കാല്) മൂന്നാം പാദത്തിൽ ജനിച്ചാൽ അച്ഛനും (അച്ഛൻ കാല്) നാലാം പാദത്തിൽ ജനിച്ചാൽ അമ്മാവനും (അമ്മാവൻ കാല്) ദോഷം സംഭവിക്കും. പൂയം നക്ഷത്രത്തിൽ ജനിച്ചാൽ മാത്രം പോരാ ജനന ലഗ്നം കർക്കടകവും തിഥി പ്രതി പദവും ജനനം ബുധനാഴ്ചയും ആയിരിക്കണം. ഇങ്ങനെ ഒത്തു വന്നാലേ കൂറുദോഷം സംഭവിക്കുകയുള്ളൂ.
അത്തം നക്ഷത്രം
അത്തം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ പിതാവിനും രണ്ടാം പാദത്തിൽ ജനിച്ചാൽ അമ്മാവനും മൂന്നാം പാദത്തിൽ ജനിച്ചാൽ തനിക്കുതന്നെയും നാലാം പാദത്തിൽ ജനിച്ചാൽ അമ്മക്കും ദോഷത്തെ പ്രദാനം ചെയ്യും. അത്തം നക്ഷത്രത്തിൽ ജനിച്ചാൽ മാത്രം പോരാ ലഗ്നം കന്നിയും തിഥി സപ്തതിയും ജനനം ചൊവ്വാഴ്ചയും ആയിരിക്കണം. ഇങ്ങനെ യോജിച്ചു വന്നാൽ അത്തം നക്ഷത്രത്തിന്റെ കൂറുദോഷം സംഭവിക്കും .
പൂരാടം നക്ഷത്രം
പൂരാടം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ അമ്മയ്ക്കും രണ്ടാം പാദത്തിൽ ജനിച്ചാൽ അച്ഛനും മൂന്നാം പാദത്തിൽ ജനിച്ചാൽ അമ്മാവനും നാലാം പാദത്തിൽ ജനിച്ചാൽ ജാതകനു തന്നെയും ദോഷത്തെ പ്രദാനം ചെയ്യും. പൂരാടം നക്ഷത്രത്തിൽ ജനിച്ചാൽ മാത്രം പോരാ ജനന ലഗ്നം ധനുവും ജനനം ശനിയാഴ്ചയും തിഥി ചതുർത്ഥിയോ നവമിയോ ചതുർദ്ദശിയോ ഇതിൽ ഏതെങ്കിലും ഒന്നായിരിക്കണം. ഇങ്ങനെ ഒത്തു വന്നാൽ പൂരാടം നക്ഷത്രത്തിന്റെ കൂറുദോഷം സംഭവിക്കും.
പക്ഷെ ഇത് അറിയുക.
മേൽ പറഞ്ഞ നക്ഷത്രങ്ങളിൽ ഏതു കാലിൽ ജനിച്ചാലും എല്ലാ ജാതകർക്കും ദോഷം അനുഭവപ്പെടുകയില്ല. കാരണം ജാതകന്റെ ഗ്രഹനിലയിൽ ചന്ദ്രൻ ബലവാനായി ലഗ്നാൽ ഇഷ്ടസ്ഥാനത്ത് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടു കൂടി നിന്നാൽ മേൽ പറഞ്ഞ നക്ഷത്ര ദോഷം (നക്ഷത്രക്കാൽ ) സംഭവിക്കുകയില്ല.
നക്ഷത്ര ദോഷം ( പാദ ദോഷം) അല്ലെങ്കിൽ നക്ഷത്രക്കാൽ ദോഷം സംഭവിക്കുന്ന കാലയളവ്
മേൽ പറഞ്ഞ രീതിയിൽ നക്ഷത്ര തിഥിയും ദിവസവും ഒത്തു വന്ന് ജാതകൻ ജനിച്ചാൽ പൂയം നക്ഷത്രത്തിന്റെ ദോഷം ജാതകന്റെ ജനനം മുതൽ മൂന്നു മാസത്തിനകവും പൂരാടം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ടു മാസത്തിനകവും അത്തം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ പന്ത്രണ്ട് വർഷത്തിനകവും സംഭവിക്കുമെന്ന് പറയപ്പെടുന്നു.
✍ പ്രസൂൻ സുഗതൻ രാവണൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം 9946419596